മലയാള സിനിമയുടെ അനശ്വര സംവിധായകന്‍ ഐവി ശശി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. 2017 ഒക്ടോബര്‍ 24നായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. മലയാള സിനിമയ്ക്ക് തീരാനഷ്ടം തന്നെയായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങല്‍. 150ഓളം സിനിമകളായിരുന്നു ഐവി ശശി തന്റെ കരിയറില്‍ സംവിധാനം ചെയ്തിരുന്നത്.
വേറിട്ട മേക്കിങ്ങ് ശൈലി കൊണ്ടായിരുന്നു ഐവി ശശിയുടെ സിനിമകള്‍ എന്നും മികച്ചുനിന്നിരുന്നത്. 1975ല്‍ ഉത്സവം എന്ന സിനിമ സംവിധാനം ചെയ്ത് തുടങ്ങിയ അദ്ദേഹം തുടര്‍ന്ന് ശ്രദ്ധേയ സിനിമകള്‍ മലയാളത്തില്‍ സംവിധാനം ചെയ്തിരുന്നു. ഐവി ശശിയുടെ അവളുടെ രാവുകള്‍ എന്ന സിനിമ മലയാള സിനിമാ ചരിത്രത്തില്‍ തരംഗം സൃഷ്ടിച്ച സിനിമകളിലൊന്നായിരുന്നു.
മലയാള സിനിമയ്ക്ക് പൗരുഷമുളള ഒട്ടെറെ കഥാപാത്രങ്ങളെയും അത് അവതരിപ്പിക്കാന്‍ കഴിവുളള നടന്മാരെയും ഐവി ശശി സമ്മാനിച്ചിരുന്നു. അന്നത്തെ കാലത്തെ ന്യൂജനറേഷന്‍ സംവിധായകന്‍ കൂടിയായിരുന്നു ഐവി ശശി. മലയാളത്തിലെ മുന്‍നിര താരങ്ങളെ വെച്ചുളള അദ്ദേഹത്തിന്റെ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്.
മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളും അദ്ദേഹം തന്റെ കരിയറില്‍ കൂടുതലായി ചെയ്തിരുന്നു, സിനിമയുടെ വിവിധ മേഖലകളിലും അറിവുളള വ്യക്തി കൂടിയായിരുന്നു ഐവി ശശി. കലാസംവിധായകനായി തുടക്കം കുറിച്ച അദ്ദേഹം ക്യാമറ,ചമയം തുടങ്ങിയ മേഖലകളിലും തിളങ്ങിയിരുന്നു. ദേവാസുരം,അങ്ങാടി, ആവനാഴി.ആരൂഢം,മൃഗയ തുടങ്ങിയവയെല്ലാം ഐവി ശശിയുടെ ശ്രദ്ധേയ ചിത്രങ്ങളായിരുന്നു.
Comments
Post a Comment